ലക്നൗ : പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. ഇതോടെ ശുചിമുറിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുകയും ഇതോടെ കുഞ്ഞ് പ്രസവത്തിനിടെ തന്നെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ആശുപത്രിക്കു നേരെ ഉയരുന്നത്. ജില്ലാ ആശുപത്രിയില്‍ പ്രസവവേദനയുമായി എത്തിയ രശ്മി എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു പകരം പല കാരണങ്ങള്‍ പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു. രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറഞ്ഞിട്ടും അധികൃതര്‍ അത് കണ്ട ഭാവം പോലും നടിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കുഞ്ഞ് മരിച്ചതിനു പിന്നാലെ ആശുപത്രിക്കു മുന്നില്‍ രശ്മിയും ബന്ധുക്കളും പ്രതിഷേധിച്ചു. ബിജെപി നേതാക്കളുടെ ഇടപെടലും വിഷയത്തിലുണ്ടായി. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശം സമീപനമാണ് ഉണ്ടായതെന്ന് നേതാക്കള്‍ പ്രതികരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമായി. പിന്നാലെ പ്രതിഷേധക്കാരെ കാണാനെത്തിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. സംഭവത്തില്‍ കൃത്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.