തിരുവനന്തപുരം : നൊന്തു പ്രസവിച്ച അമ്മയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ അകറ്റിയ സംഭവത്തില്‍ വിചിത്ര വാദവുമായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എന്‍.സുനന്ദയുടെ വിചിത്ര വിശദീകരണം.
കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുന്‍പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ വിശദീകരിക്കുന്നു. ‘ഏപ്രില്‍ മാസമാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. നേരിട്ട് എത്തി പരാതി നല്‍കാന്‍ അനുപമയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ എത്തിയില്ല, എന്നാണ് കുഞ്ഞിനെ കാണാതായതെന്നതടക്കം കുട്ടിയെ മനസിലാകാനുള്ള വിവരങ്ങളൊന്നും പറഞ്ഞില്ലെന്നുമാണ് അഡ്വ.എന്‍.സുനന്ദ ആരോപിക്കുന്നത്.
അനുപമയുടെ പരാതി പോലീസിനെ അറിയിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് പറഞ്ഞ സുനന്ദ, അനുപമ കുട്ടിയെ അന്വേഷിച്ച് വന്ന കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നുവെന്നും പറയുന്നു. ദത്ത് വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം രംഗത്ത്. കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. കുഞ്ഞിന്റെ അച്ഛന്‍ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നും ആനാവൂര്‍ വിശദീകരിച്ചു. അനുപമ ഫോണില്‍ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂരിന്റെ വിശദീകരണം .
അനുപമ തന്നെ സമീപിച്ചിട്ടില്ല, പരാതി ഇവിടെ കൊടുക്കുകയാണ് ചെയ്തത്. പാര്‍ട്ടിപരമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നം അല്ല എന്നാണ് ഞാന്‍ പറഞ്ഞത്, മോളേ എന്ന് വിളിച്ചാണ് സംസാരിച്ചത്. ഇതാണ് ആനാവൂരിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം അനുപമയും ഭര്‍ത്താവും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ല. തന്‍്റെ കുഞ്ഞിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ വ്യക്തമാക്കുന്നത്.