പത്തനംതിട്ട : സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ച നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ അട്ടത്തോട്, തുലാപ്പള്ളി, ളാഹ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നു രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. അട്ടത്തോട്ടില്‍ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോര്‍ജ്ജ വേലിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
അട്ടത്തോട്ടില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കാന്‍ കിസുമം സ്‌കൂളിലെത്തിച്ചേരാന്‍ നിലവില്‍ നല്‍കിയിട്ടുള്ള ഒരു ബസിന് പുറമേ മറ്റൊന്നുകൂടി അനുവദിക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നതായി എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ഫയര്‍ഫോഴ്സിന്റെ മീറ്റിംഗില്‍ കാട്ടു തീ അണക്കാന്‍ സംസ്ഥാനം ഹെലികോപ്റ്റര്‍ വാങ്ങണമെന്ന് താന്‍ ആവശ്യപ്പെട്ടതായും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിനു സംസ്ഥാന സര്‍ക്കാറിന്റെ 6,20,000 രൂപയാണു ചെലവഴിച്ചത്. കൃഷിഭൂമിയില്‍ വന്യജീവി അക്രമണം തടയാന്‍ രണ്ടര കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിക്കാന്‍ 3,98,000 രൂപയുടെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടാണു വിനിയോഗിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ പെരുനാട് ഗ്രാമപഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. പി.ടി.സി.എഫ് ഗവേണിങ്ങ് ബോര്‍ഡ് മെമ്പര്‍ ജോഷി ആന്റണി മുഖ്യപ്രഭാഷണം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍ച്ച് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി, പട്ടിക വര്‍ഗ ഊരുമൂപ്പന്‍ വി.കെ നാരായണന്‍, അട്ടത്തോട് ഇ.ഡി.സി ചെയര്‍മാന്‍മാരായ സുജന്‍ നെടുങ്ങോലില്‍, ഗോപി മൂഴിക്കല്‍, സാപ്പ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ സിബി സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു. കാട്ടു തീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ അജയഘോഷ് നയിച്ചു.