കോഴിക്കോട് : പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും. യുവതിക്ക് നിയമസഹായം നല്‍കുമെന്നും മന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് കൊല്ലാനാണ് ശ്രമിച്ചതെന്ന് കോഴിക്കോട് പന്തീരങ്കാവിൽ മർദനത്തിനിരയായ നവവധു പറഞ്ഞു. കൊലവിളിച്ചുള്ള ക്രൂരമർദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. ഇതിനിടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സ്റ്റേഷനിലെത്താൻ പന്തീരങ്കാവ് പൊലീസ് ആവശ്യപ്പെട്ടെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹത്തിന്‍റെ ഏഴാംനാൾ രാത്രിയിൽ വടക്കൻ പറവൂർ സ്വദേശിനിയായ യുവതിക്ക് ഏൽക്കേണ്ടി വന്നത് അതിക്രൂരമർദനമാണ്. ഞായർ പുലർച്ചെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലാൻ ആയിരുന്നു ശ്രമം. കേസ് ഒത്തുതീർക്കാനാണ് പൊലീസ് ശ്രമിച്ചത്. ആക്രമണത്തെ നിസാരവൽക്കരിച്ചുവെന്നും യുവതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. മകൾ മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലെന്നും ഭർതൃമാതാവ് മകളോട് സ്ത്രീധനത്തിന്‍റെ പേരിൽ വിരോധം കാണിച്ചിരുന്നുവെന്നും യുവതിയുടെ അമ്മ. പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.