കേരളത്തില്‍ വേനല്‍ക്കാലം തുടങ്ങാറായി. ഇനിയങ്ങോട്ടുള്ള രണ്ടോ മൂന്നോ മാസങ്ങള്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയായിരിക്കും. അതിലപ്പുറം സഞ്ചാരികളെ വിഷമത്തില്‍ ആഴ്ത്തുന്ന കാര്യമാണ് വെള്ളച്ചാട്ടങ്ങളില്‍ പലതും കാണാമറയത്ത് പോയി ഒളിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് യാത്രക്കു തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ ഇടം. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം, പശ്ചിമഘട്ട മലനിരകളാല്‍ അനുഗ്രഹീതമായ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമാണ്. നെയ്യാര്‍ റിസര്‍വോയര്‍ പ്രദേശത്തിന് മുകളിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടേക്ക് എത്താന്‍ സഞ്ചാരികള്‍ ഒരു ട്രെക്കിംഗ് കൂടി നടത്തേണ്ടി വരും. ഇടതൂര്‍ന്ന വനത്തിനുള്ളിലൂടെയുള്ള മനോഹരമായ ഒരു യാത്ര. അത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണവും. സാഹസികത ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഇതിലും മികച്ച ഒരിടം വേറെയില്ല. കൂടാതെ നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് അതിന്റെ വൃഷ്ടിപ്രദേശത്തിലൂടെ ബോട്ട് സവാരി നടത്തണം ലക്ഷ്യസ്ഥാനത്ത് എത്താന്‍. അതും ഒരു പ്രത്യേക അനുഭവമാണ്.
കോമ്പൈകാണിയില്‍ എത്തിയാല്‍ അവിടെയുള്ള ട്രൈബല്‍ സെറ്റില്‍മെന്റ് കഴിഞ്ഞയുടനാണ് മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ഇത് സെറ്റില്‍മെന്റില്‍ നിന്നും കോമ്പൈകാണി വെള്ളച്ചാട്ടത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ്. നെയ്യാര്‍ നദിയുടെ തീരത്തുള്ള വിശാലമായ വെള്ളച്ചാട്ടമാണ് കോമ്പൈകാണി വെള്ളച്ചാട്ടം. ട്രെക്കിംഗ് ചെയ്യുന്നവര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു ഫോറസ്റ്റ് ക്യാമ്പ് ഹൗസ് സമീപത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതി ആവശ്യമുള്ള ഈ യാത്രയില്‍ ഫോറസ്റ്റ് ഗൈഡുകള്‍ നിങ്ങളെ അനുഗമിക്കും. ഒരു ദിവസത്തെ ട്രെക്കിംഗിന് അനുയോജ്യമായ ഒരു സ്ഥലമാണ് മീന്‍മുട്ടി. വൈകുന്നേരത്തോടെ ബോട്ടില്‍ നിങ്ങളെ കൊമ്പൈകാണിയില്‍ നിന്ന് നെയ്യാര്‍ ഡാമില്‍ തിരികെ എത്തിക്കും. ഇവിടെ മഴക്കാലത്ത് വെള്ളത്തിലേക്ക് ഇറങ്ങുന്നത് ഏറെ അപകടം നിറഞ്ഞതായിരിക്കും. വെള്ളത്തിന്റെ ജലനിരപ്പ് ഉയരുകയും മണ്‍സൂണ്‍ കാലമാകുമ്പോള്‍ മഴവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതും അപകടം ഉണ്ടാക്കുന്നു. ഇവിടെ വ്യത്യസ്ത തരം മീനുകള്‍ ഉണ്ടെങ്കിലും മീന്‍പിടുത്തം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടം കൂടിയാണിത്.