നെയ്യാറ്റിന്‍കര : ദമ്പതികള്‍ പൊള്ളലേറ്റ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയ അയല്‍വാസി വസന്തയ്ക്ക് പട്ടയാവകാശമില്ലെന്ന് വിവരാവകാശ രേഖ. മരിച്ച രാജനും കുടുംബവും താമസിക്കുന്ന സ്ഥലത്തിന്റെ പട്ടയാവകാശം തങ്ങള്‍ക്കാണെന്നും ഇവരെ ഒഴിപ്പിക്കണമെന്നുമായിരുന്നു വസന്ത നല്‍കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍ രാജന്‍ രണ്ട് മാസം മുമ്പ് തന്നെ വിവരാവകാശം വഴി ഇതുമായി ബന്ധപ്പെട്ട രേഖകളൊക്കെ സംഘടിപ്പിച്ചെങ്കിലും അതിനുമുമ്പ് തന്നെ വസന്ത തന്റെ സ്വാധീനം ഉപയോഗിച്ച് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വസന്ത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. അതേസമയം ഈ രേഖകള്‍ എന്തുകൊണ്ടാണ് കോടതിയില്‍ എത്താതിരുന്നത് എന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. അതിനിടെ വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കളക്ടര്‍ നവ്‌ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്ബര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാല്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.
സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്. ഇവ നിശ്ചിത വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ അറിയിച്ചു. പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.
അതേസമയം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജനെയും അമ്പിളിയേയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനുശേഷം നടപടി സ്വീകരിക്കുന്നതാണ്.