മലപ്പുറം : പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡ് അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപായയോഗിച്ചോയെന്ന് എൻഐഎ പരിശോധിക്കും. തുടർ അന്വേഷണത്തിനായി ഫയലുകൾ എൻഐയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് കൈമാറും. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശനിക്ഷേപ വിവരങ്ങളടങ്ങിയ ഫയലുകളാണ് കൈമാറുക. കഴിഞ്ഞയാഴ്ച്ചയായിരുന്നു സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയത്. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ, പരിശോധന നടത്തിയത്. ഈ സമയത്ത് വീട്ടിൽ അഷ്റഫ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജൻസിയുടെ പരിശോധനക്ക് എതിരെ സ്ഥലത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ മാർച്ച് നടത്തി. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കടുത്ത പോലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇ ഡി ഉദ്യോഗസ്ഥർ മടങ്ങിയത്. മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രദേശിക നേതാവിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പെരുമ്പടപ്പ് വെസ്റ്റ് പ്രസിഡണ്ട് റസാഖിന്റെ വീട്ടിൽ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂർത്തിയാക്കി. ഇഡി പരിശോധനക്ക് എതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിച്ചു. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.