കൊച്ചി : എന്‍ഐഎയ്ക്ക് മുന്‍പാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില വ്യക്തതകള്‍ക്ക് വേണ്ടിയാണ് മന്ത്രിയോട് എന്‍ഐഎ വിവരങ്ങള്‍ തേടിയത്. മന്ത്രിയുടെ മറുപടി ഹൈദരാബാദിലും ഡല്‍ഹിയിലും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അവരുടെ കൂടി അനുമതി ലഭിച്ചാലുടന്‍ ജലീല്‍ പുറത്തിറങ്ങും.
തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ആവലാതിയും ആശങ്കയും വേണ്ടെന്ന് ജലീല്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ് ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുതെന്നും ജലീല്‍ വ്യക്തമാക്കി.
വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോയെന്നും ജലീല്‍ ചോദിച്ചു. ആര്‍ക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ല. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും മന്ത്രി വ്യക്തമാക്കി.