തിരുവല്ല : നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അഭി.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ താൽപര്യ പ്രകാരം ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. തിരുവല്ല കൃഷി ഭവന്റെ സഹായത്തോടെ പയർ, കുറ്റി ബീൻസ്, ചീര, വെണ്ട, കപ്പ, വാഴ, തണ്ണിമത്തൻ തുടങ്ങിയവയുടെ കൃഷിയാണ് ഇവിടെ നടത്തിയത്. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂളിൽ പച്ചക്കറി ഇനങ്ങളിൽ സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ മാത്രം ആണ് പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം ഇവിടെ വിളയിച്ചെടുത്താണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം അറുപത്തിനായിരത്തിലധികം രൂപയുടെ പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തു. ഈ വർഷം 25000 രൂപയുടെ പച്ചക്കറികളും നിലവിൽ വിളവെടുത്തു. കൃഷി ഭവനിൽ നിന്നും ലഭിക്കുന്ന ഉപദേശവും സഹായത്തിനുമൊപ്പം നല്ല കർഷ മനസിന് ഉടമകളായ അധ്യാപികമാരും വിദ്യാർഥിനികളും കൃഷിയുടെ വിജയത്തിനായി പ്രവർത്തിച്ചു. ഈ വർഷത്തെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ കൗൺസിലർ അനു സോമൻ നിർവഹിച്ചു. സ്കൂൾ ചാപ്ളേൻ റവ.പ്രകാശ് എബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗീത റ്റി ജോർജ്, സ്കൂൾ ഗെവേർണിംഗ് ബോർഡ് അംഗം റ്റിജു എം ജോർജ്, സ്കൂൾ പ്രിൻസിപ്പൽ മെറിൻ മാത്യു, കാർഷിക വികസന സംഘം അംഗം ടോണി എന്നിവർ പ്രസംഗിച്ചു. സ്കൂൾ അധ്യാപികമാരും വിദ്യാർഥിനികളും വിളവെടുപ്പിന് സാക്ഷ്യം വഹിച്ചു.