മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‍ലിം ലീഗ് നേതാക്കളെ കാണാന്‍ പി.വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി യോഗം അന്‍വറിന്‍റെ വീട്ടില്‍ ചേരുന്നുണ്ട്. അതിന് ശേഷമാകും പി.വി അന്‍വര്‍ ലീഗ് നേതാക്കളെ കാണാനായി മലപ്പുറത്തേക്ക് പുറപ്പെടുക. പി.കെ കുഞ്ഞാലിക്കുട്ടിയെയും പിഎംഎ സലാമിനെയും കാണുമെന്നാണ് വിവരം. മലപ്പുറം കാരത്തോടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ വെച്ചാകും കൂടിക്കാഴ്ച നടക്കുന്നത്. ഇന്ന് പത്തുമണിയോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നേതൃയോഗം ചേരുന്നുണ്ട്.
ഇതിന് പിന്നാലെയായിരിക്കും അന്‍വര്‍ പ്രധാനപ്പെട്ട ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.അതിനിടെ രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നുമാണ് പി.വി അന്‍വര്‍ വ്യക്തമാക്കിയത്. ഇടഞ്ഞുനിൽക്കുന്ന പി.വി. അൻവറിന്റെ തുടർനിലപാട് കോൺഗ്രസും സിപിഎമ്മും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം പി. വി അൻവറിനെ അനുനയിപ്പിക്കാൻ മുസ്‌ലിം ലീഗ് ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി.വി അബ്ദുൽ വഹാബ് എംപി പറഞ്ഞു. പി. വി അൻവർ യുഡിഎഫിനോപ്പം നിൽക്കും. യു.ഡി.എഫ് സ്ഥാനാർഥി വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പി. വി അബ്ദുൽ വഹാബ് പറഞ്ഞു.