കൊച്ചി : ഐസിസില്‍ ചേര്‍ന്ന മകള്‍ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിന്ദുവിന്റെ ഹര്‍ജിയില്‍ കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു.
നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, ഇവരെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചേക്കും.
ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2016 ലാണ് ആറ്റുകാല്‍ സ്വദേശി നിമിഷയെ കാണാനില്ലെന്ന് കാണിച്ച് ബിന്ദു പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനൊപ്പം മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരില്‍ ഐസിസില്‍ ചേരാന്‍ പോയതായി സ്ഥിരീകരിച്ചത്.