കോട്ടയം : നിപ്പ മരണം കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടയത്തും ജാഗ്രതാ നിര്‍ദേശം. നിപ്പ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു. മെഡിക്കല്‍ കോളജിലാണ് ആദ്യ ഘട്ടം ചികിത്സാ സൗകര്യം സജ്ജമാക്കുക. കോവിഡ് പ്രതിരോധ മുന്നൊരുക്കവും ചികിത്സാ സൗകര്യങ്ങളും നിപ്പ നേരിടുന്നതിനും പ്രയോജനപ്പെടും.
മരുന്നുകള്‍, പിപിഇ കിറ്റ്, മുഖാവരണം എന്നിവ സ്റ്റോക്കുണ്ട്. കോട്ടയം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ ആശുപത്രികള്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിനു സജ്ജമാണ്. 2018 ല്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയിരുന്നു. കോവിഡ് പ്രോട്ടോക്കോളിനു സമാനമായ വിധത്തിലാണ് നിപ്പ പ്രോട്ടോക്കോള്‍ പിന്തുടരുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ മുറി, തീവ്രപരിചരണ വിഭാഗം എന്നിവ സജ്ജമാണ്. മറ്റു ചികിത്സാ വിഭാഗങ്ങളില്‍ നിന്നു മാറി സുരക്ഷിതമായ സ്ഥലത്താണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു.