നിരണം : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് 30-ന് രാവിലെ 11-ന് നടക്കും. അഴിമതിക്കേസിൽ ഉൾപ്പെട്ട യു.ഡി.എഫിലെ കെ.പി.പുന്നൂസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. കെ.പി.പുന്നൂസ് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത ഒട്ടേറെ കേസുകളിൽ പ്രതിയാണ്. മൂന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട് മൂന്നു തവണ ജയിലിലും കഴിയേണ്ടിവന്നു. ജാമ്യമില്ലാവകുപ്പുകൾ പ്രകാരം അഞ്ച് കേസുകൾ കൂടി പുന്നൂസിനെതിരേ നിലവിലുണ്ടെങ്കിലും പദവികൾ രാജിവെച്ചിട്ടില്ല. ഇദ്ദേഹം ഒളിവിലാണെന്നു കാണിച്ച് കോട്ടയം പോലീസ് വീടിനുസമീപം ലുക്ക് ഔട്ട് നോട്ടീസും പതിച്ചിട്ടുണ്ട്. ഈ കേസുകളിൽ മുൻകൂർ ജാമ്യം എടുക്കാതെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹാജരാകാനും പുന്നൂസിന് സാധിക്കില്ല.
വാർഡിലെയും പഞ്ചായത്തിലെയും ഭരണപ്രതിസന്ധി തുടരുന്ന അവസ്ഥയിൽ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച രണ്ട് പേരുടെ പിന്തുണ നിർണായകമാകും. ഇവരായിരിക്കും ആര് പ്രസിഡന്റാകുമെന്ന് തീരുമാനത്തിലെത്തുക. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് സ്വതന്ത്രരും രംഗത്തുണ്ട്. ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. ശക്തമായി കളത്തിലുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസ് ഭരണം നിലനിർത്തിയിരുന്നത്. കോൺഗ്രസിൽനിന്ന് പുറത്താക്കിയ പുന്നൂസിന്റെയും രണ്ട് സ്വതന്ത്രരുടെയുംകൂടി പിന്തുണ ഇനിയും ലഭിച്ചെങ്കിൽ മാത്രമേ കോൺഗ്രസിന് ഭരണം നിലനിർത്താനാകൂ.