നിരണം: നമ്മുടെ സാധ്യതകൾ അപരന്റെ ജീവിതത്തിൻെറ നന്മയാക്കി മാറ്റുവാൻ കഴിയണമെന്നും സമൂഹത്തിൽ സന്തോഷം കെട്ടു പോയവർക്ക് അത് മടക്കി നൽകുന്നതാണ് സർവ്വ ജനത്തിനുമുള്ള മഹാ സന്തോഷമായ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയിലൂടെ സാധ്യമാകേണ്ടതെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു. മാർത്തോമ്മാ സഭ നിരണം – മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നിരണം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന ക്രിസ്തുമസ് – പുതുവത്സര സംഗമവും സംഗീത സായാഹ്നവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്താ. ജീവിതത്തിലെ തെറ്റുകളിലും പരാജയങ്ങളിലും വീണു പോകാതെ ഉയർത്തെഴുന്നേൽപ്പിലൂടെ അതിജീവനത്തിന്റെ പാഠങ്ങൾ സ്വീകരിച്ച് പുതിയ സംവത്സരത്തിൽ ജീവിക്കുവാൻ ഇടയാകണമെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ . മാത്യു അദ്ധ്യക്ഷത വഹിച്ചു.
യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യ സന്ദേശം നൽകി. ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, മ്യൂസിക് മിനിസ്ട്രി ചെയർമാൻ റവ. ഉമ്മൻ കെ. ജേക്കബ്, കൺവീനർ ബിനു ജോൺ, വികാരി റവ. ഏബ്രഹാം തോമസ്, സഹവികാരി റവ. വിനോദ് ബാബു, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. തോമസ് മാത്യു, ജോളി ഈപ്പൻ, ലിനോജ് ചാക്കോ, ജിജി ഇടിക്കുള ജോർജ് , ജോയൽ മാത്യൂസ്, സൂസൻ തോമസ്, സൂസമ്മ ശാമുവേൽ, ഷിനി ജേക്കബ് എന്നിവർ പ്രസംഗിച്ചു. റവ. ബിനു വർഗിസ്, സജി പെരുമാൾ , വി.എം ജോസഫ് , എബിൻ മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ ഇടവക ഗായക സംഘങ്ങൾ ക്രിസ്മസ് പുതുവത്സര ഗാനങ്ങൾ ആലപിച്ചു.