തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. നവീൻ ബാബുവിൻ്റെ കുടുംബത്തിന് ജോലി നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് വിവാദങ്ങളുടെ തുടക്കം.
ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.





























