ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളില്‍ ഒരാള്‍ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. വിനയ് ശര്‍മ്മയാണ് സെല്ലിനുള്ളില്‍ തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചത്. ഫെബ്രുവരി 16നാണ് സംഭവം. ഇയാള്‍ക്ക് ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
പരിക്ക് നിസാരമാണെന്നും അധികൃതര്‍ പറയുന്നു. വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാര സമരത്തിലാണെന്നും ജയിലിനുള്ളില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകന്‍ ഈയാഴ്ചയുടെ തുടക്കത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ ഗുരുതര മാനസിക രോഗത്തില്‍ പെട്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ പുതിയ വാദം. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.
നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്.