ദില്ലി: നിർഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2012ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ വാദം. അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നും ഹർജി ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് രാവിലെ പത്തരക്ക് പരിഗണിക്കുന്നത്.
കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി1 ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ചത് നിര്‍ഭയയുടെ അമ്മ മാതൃകയാക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ദിരാ ജയ്‍സിംഗിനെ പോലുള്ളവര്‍ കുറ്റവാളികൾക്കൊപ്പം നിൽക്കുന്നു എന്നായിരുന്നു അതിന് നിര്‍ഭയയുടെ അമ്മയുടെ മറുപടി.