ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെയില്ല. മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. പ്രതികളുടെ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാലാണ് വധശിക്ഷ മാറ്റിവെച്ചത് . നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കണമെന്ന് ഫെബ്രുവരി 17ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ നാളെ രാവിലെ 6 മണിക്ക് തൂക്കിലേറ്റാനായിരുന്നു ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.