ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പോകുന്നതിനുമുൻപ് കുടുംബത്തെയും സ്വത്തിനെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ നിർഭയ കേസ് പ്രതികൾ. കുടുംബത്തെ കാണണമോയെന്ന ചോദ്യത്തിനോടും സ്വത്തുക്കൾ കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും പ്രതികൾ പ്രതികരിച്ചില്ലെന്നാണ് തിഹാർ ജയിൽ അധികൃതർ പറയുന്നത്.
വധശിക്ഷ കാത്ത് കഴിയുന്ന പ്രതികൾക്ക് അവസാനമായി കുടുംബത്തിലെ ആരെ കാണണമെന്നും എപ്പോൾ കാണണമെന്നും തീരുമാനിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. തങ്ങളുടെ സ്വത്തുക്കൾ ആർക്കെങ്കിലും നൽകാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും പ്രതികൾക്കും വ്യക്തമാക്കാനുള്ള സമയമാണിത്. എന്നാൽ ഈ ചോദ്യങ്ങളോടും നിർഭയ കേസിലെ നാല് പേരും പ്രതികരിച്ചിട്ടില്ലെന്നാണ് ജയിലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത്.
ഫെബ്രുവരി ഒന്നിനാണ് നിർഭയ കേസ് പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് സിങ്, പവൻ ഗുപ്ത എന്നിവരെ തൂക്കിലേറ്റുക. ഇവരുടെ മരണ വാറണ്ട് കോടതി പുറപ്പെടുവിച്ച് കഴിഞ്ഞതാണ്. അതേസമയം തങ്ങളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീട്ടി വയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രതികളെന്നും അതുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിക്കാത്തതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആദ്യം കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം ജനുവരി 22 ബുധനാഴ്ചയായിരുന്നു പ്രതികളെ തൂക്കിലേറ്റേണ്ടിയിരുന്നത്. എന്നാൽ പ്രതികളിലൊരാൾ സമർപ്പിച്ച ദയാഹർജിയുടെയും തിരുത്തൽ ഹർജിയുടെയും പശ്ചാത്തലത്തിൽ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.