മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നന്ദ്ഗാവില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ നിതേഷ് റാണ. ഗ്രാമപഞ്ചായത്തിലേക്ക് തനിക്ക് ഇഷ്ടപ്പെട്ടയാളെ പഞ്ചായത്ത് അധ്യക്ഷനായി(സര്‍പ്പഞ്ച്) തിരഞ്ഞെടുക്കണമെന്നാണ് എംഎല്‍എ പരസ്യമായി ആവശ്യപ്പെട്ടത്. ഭരണകക്ഷി എംഎല്‍എ എന്ന നിലയിലുള്ള തന്റെ അധികാരത്തെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും ഫണ്ട് തന്റെ കൈയിലാണെന്നും നിതേഷ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
‘എനിക്ക് ഇഷ്ടമുള്ള ഒരു സര്‍പഞ്ചിനെ തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങള്‍ക്ക് ഫണ്ട് ലഭിക്കും. ഞാന്‍ ഒന്നും മറച്ചുവെക്കാറില്ല. നാരായണ്‍ റാണെ സ്‌കൂള്‍ ഓഫ് തോട്ടില്‍ നിന്നാണ് ഞാന്‍ പരിശീലനം നേടിയത്. അബദ്ധത്തില്‍ പോലും എനിക്കിഷ്ടമല്ലാത്ത ഒരു സര്‍പഞ്ചിനെ തിരഞ്ഞെടുത്താല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും നല്‍കാതിരിക്കാന്‍ ഞാന്‍ നോക്കും. ഇതൊരു ഭീഷണിയായോ നിങ്ങള്‍ ആഗ്രഹിക്കുന്ന മറ്റെന്തെങ്കിലുമോ ആയി കരുതുക,” നിതേഷ് പറഞ്ഞു.
‘വോട്ട് ചെയ്യുമ്പോള്‍ ഇത് നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുക – എല്ലാ ഫണ്ടുകളും എന്റെ കൈയിലാണ്. അത് ജില്ലാ ആസൂത്രണ ഫണ്ടുകളോ ഗ്രാമവികസന ഫണ്ടുകളോ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളോ ആകട്ടെ. ഞാന്‍ ഭരണകക്ഷിയുടെ എംഎല്‍എയാണ്. കലക്ടറോ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരോ ഉപമുഖ്യമന്ത്രിയോ മുഖ്യമന്ത്രിയോ ആകട്ടെ എന്നോട് ചോദിക്കാതെ ആരും നന്ദഗാവിന് ഫണ്ട് അനുവദിക്കില്ല. ഇത് നിങ്ങള്‍ മനസിലാക്കി വെക്കുക.
നിതേഷ് റാണെ തിരഞ്ഞെടുക്കുന്ന ഒരു സര്‍പഞ്ച് ഇല്ലെങ്കില്‍ നന്ദ്ഗാവില്‍ ഒരു വികസനവും ഉണ്ടാകില്ല’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘നാരായണ റാണെ മുഖ്യമന്ത്രിയായിരുന്നപ്പോഴും സമാനമായ ധിക്കാരം ഉണ്ടായിരുന്നു. ഇതേ അധികാര ലഹരിയാണ് നാം ഇപ്പോള്‍ കാണുന്നത്. നേരത്തെ നാരായണ്‍ റാണെയെ തോല്‍പ്പിച്ച് കാണിച്ചത് പോലെ സിന്ധുദുര്‍ഗിലെ ജനങ്ങള്‍ അവരുടെ സ്ഥാനം എവിടെന്ന് വ്യക്തമാക്കും. ഭീഷണിക്ക് മറുപടിയായി ശിവസേന എംഎല്‍എ വൈഭവ് നായിക് പറഞ്ഞു.
നിതേഷിന്റെ വിവാദത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അകലം പാലിക്കാന്‍ ശ്രമിക്കുകയാണ്. ‘അദ്ദേഹം കൃത്യമായി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്നാല്‍ ഗുണ്ടായിസമില്ലാതെ വോട്ട് ചോദിക്കാനും പാര്‍ട്ടി വികസിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട് ബിജെപി എംഎല്‍എ ഉദയ് സാമന്ത് പറഞ്ഞു. 2013ല്‍ ഗോവയിലെ ടോള്‍ ബൂത്ത് തകര്‍ത്തതിന് റാണെയെ അറസ്റ്റ് ചെയ്തിരുന്നു. അതേ വര്‍ഷം ‘ഹിന്ദു രാഷ്ട്രവാദി’ എന്നെഴുതിയ ഒരു ചെറിയ പ്ലക്കാര്‍ഡിന് പിന്നില്‍ കഷ്ടിച്ച് മറഞ്ഞിരിക്കുന്ന നരേന്ദ്ര മോദിയുടെ നഗ്ന കാര്‍ട്ടൂണും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ‘നല്ലത് വികസനത്തിന്റെ ബുര്‍ഖ കീറിയതാണ്’ എന്നും കാര്‍ട്ടൂണില്‍ എഴുതിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നിതേഷ് റാണെക്കെതിരെ കേസെടുത്തിരുന്നു.