രാജ്യത്ത് പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഹരിത ബദലായി എഥനോളിനെ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമ്മിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്ലെക്സ് എഞ്ചിൻ ഉപയോഗിച്ചുള്ള വാഹനങ്ങൾ വ്യാപകമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്പ്പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിതെന്നും ഇന്ത്യൻ ഓട്ടോ വ്യവസായം ബയോ-എഥനോൾ അനുയോജ്യമായ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായും ഗഡ്‍കരി വ്യക്തമാക്കി.
ആറ് മാസത്തിനകം രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് ഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ പറഞ്ഞിരുന്നു. എഥനോളിന്‍റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് താൻ ഉറപ്പുനൽകുന്നതായും പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാം വാർഷിക കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്‍കരി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകൾ സ്ഥാപിക്കുക. 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയുന്ന ഫ്ലെക്സ് എഞ്ചിനുള്ള വാഹനങ്ങൾ നിർമിക്കാൻ നിർമാതാക്കളെ നിർബന്ധിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2022 മുതൽ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്താണ് ഫ്ലെക്സ് എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഒരുപാട് പ്രതീക്ഷകളുമായാണ് കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലക്സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.