കോട്ടയം : പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. തലയോലപ്പറമ്പ് സ്വദേശി നിതിന മോളെയാണ് സഹപാഠി അഭിഷേക് കൊലപ്പെടുത്തിയത്. മൂന്നാം വർഷ ഫുഡ് പ്രോസസിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേക് പോലീസിന് മൊഴി നൽകിയത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും കോളേജിൽ തുടരുകയായിരുന്നുവെന്നുമാണ് ദൃക് സാക്ഷികൾ പറയുന്നത്.
പെൺകുട്ടിയുമായുള്ള ഇഷ്ടത്തെ കുറിച്ചു മകൻ സൂചന തന്നിരുന്നുവെന്നാണ് അഭിഷേകിന്റെ അച്ഛൻ ബൈജു പ്രതികരിച്ചത്. ”പക്ഷെ കൃത്യമായി അറിയില്ലായിരുന്നു. രാവിലെ വീട്ടിൽ നിന്നും പരീക്ഷയ്ക്ക് വേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇങ്ങനെ സംഭവിക്കും എന്നും കരുതിയില്ല. പോലീസ് അറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പഠനത്തിൽ മിടുക്കൻ ആയിരുന്നു അഭിഷേക്. ഇപ്പോൾ ഫോണിൽ കൂടിയെല്ലാമാണ് പഠിക്കുന്നത്”. വിദേശത്തു പോയി പഠിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ബൈജു പറഞ്ഞു.
നിധിനയും അഭിഷേകും ഇഷ്ടത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടിലും അറിയാമായിരുന്നുവെന്ന് നിതിനയുടെ സുഹൃത്ത് ബ്രിജിത് പറഞ്ഞു. ”പെൺകുട്ടിയുടെ അമ്മക്ക് എതിർപ്പ് ഉണ്ടായിരുന്നില്ല. യുവാവ് കല്യാണം ആലോചിച്ചപ്പോൾ പഠിത്തം കഴിയട്ടെ എന്ന മറുപടിയാണ് നൽകിയത്. നിതിനയും അഭിഷേകും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും നേരത്തെ ചെറിയ പിണക്കങ്ങളുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ സുഹൃത്തായ ബ്രിജിത് പറഞ്ഞു.