ചെന്നൈ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആഞ്ഞടിച്ച നിവര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കര്‍ണാടക തീരത്തേക്ക് നീങ്ങി. കര്‍ണാടകയിലെ വിവിധ മേഖലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരു, തുംക്കൂര്‍, മാണ്ഡ്യ, കോലാര്‍ എന്നിവിടങ്ങള്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. 130 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് പ്രവേശിച്ച പുതുച്ചേരിയില്‍ 400 കോടിയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.
നിരവധി പാടശേഖരങ്ങളില്‍ വെള്ളം കയറി. 900 ഹെക്ടര്‍ നെല്ല് ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു. കാറ്റിലും മഴയിലും നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. പുതുച്ചേരിയുടെ തീരമേഖലകളെയാണ് നിവര്‍ കൂടുതല്‍ ബാധിച്ചത്. തമിഴ്‌നാട്ടില്‍ വൈദ്യുതി ഉടന്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പി തങ്കമണി അറിയിച്ചു. നിവര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 1.5 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.