കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ രണ്ടു വനിതകളെ മത്സരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോട്ടയം നഗരസഭയുടെ മുന്‍ അധ്യക്ഷ ഡോ. പിആര്‍ സോന വൈക്കത്തും മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെ ഏറ്റുമാനൂരിലും മത്സരിപ്പിക്കും.
വൈക്കത്ത് ഇക്കുറി ശക്തമായ മത്സരം കാഴ്ചവെയ്ക്കുക എന്നതു തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കരുത്തയായ വനിതാ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് പദ്ധതി. മുന്‍ കോട്ടയം നഗരസഭാ അധ്യക്ഷയായ സോനയ്ക്ക് മികച്ച മത്സരം കാഴ്ചവെയ്ക്കാനാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
സിപിഐയിലെ സികെ ആശയാണ് സിറ്റിങ് എംഎല്‍എ. സിപിഐക്ക് വേണ്ടി ആശ തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുക. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ എ സനീഷ്‌കുമാറിനെ 24584 വോട്ടുകള്‍ക്കാണ് ആശ പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് മികച്ച വിജയം നേടാനായിരുന്നു. എങ്കിലും വൈക്കം നഗരസഭയിലടക്കം മികച്ച പ്രകടനം നടത്താനായതിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. യുവത്വവും പുതുമുഖവും എന്നതും സോനയെ തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുക്കൂട്ടുന്നു. 2011ല്‍ സിപിഐയുടെ കെ അജിത്തിന്റെ ഭൂരിപക്ഷം 10568 ആയിരുന്നു. ഈ കണക്കു മുന്നില്‍വച്ചാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. സോനയോട് മണ്ഡലത്തില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്.
വനിതാ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിക്കാവുന്ന മറ്റൊരു മണ്ഡലം ഏറ്റുമാനൂരാണ്. ലതിക തന്നെയാകും പ്രഥമ പരിഗണനയില്‍. മുന്‍ ഡിസിസി അധ്യക്ഷന്‍ ടോമി കല്ലാനിയേയും പരിഗണിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റിനായി ശ്രമിക്കുന്നുണ്ട്. പ്രിന്‍സ് ലൂക്കോസിനുവേണ്ടിയാണ് ജോസഫ് വിഭാഗം സീറ്റ് ചോദിക്കുന്നത്. പക്ഷേ സീറ്റ് കിട്ടുമോയെന്ന കാര്യം സംശയത്തിലാണ്.