തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും ഇന്ന് കോടതിയില്‍ ഹാജരാകും. തിരുവനന്തപുരത്തെ വിചാരണക്കോടതിയിലാണ് ഇരുവരും ഹാജരാകേണ്ടത്. മന്ത്രിമാര്‍ ഹാജരാവുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് മന്ത്രിമാര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മന്ത്രിമാര്‍ ഹാജരാവുന്നതില്‍ സ്റ്റേ ആവശ്യപ്പെട്ടത്. കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി ജസ്റ്റിസ് വി.ജി.അരുണ്‍ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മന്ത്രിമാര്‍ അടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ജാമ്യമെടുത്തിരുന്നു. വി.ശിവന്‍കുട്ടി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. കേസ് തുടരാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.