തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുക. നേരത്തെ രണ്ട് തവണ ഹര്‍ജി പരിഗണിച്ചപ്പോഴും സംസ്ഥാന സര്‍ക്കാറിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാറുള്‍പ്പെടെ ഹര്‍ജി നല്‍കിയിട്ടും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടിയിലേക്ക് പോലും കോടതി കടന്നിരുന്നില്ല. രണ്ട് തവണയായി വിശദമായി ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചിരുന്നത്.
എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. എം.എല്‍.എ സഭക്കകത്ത് നിറയൊഴിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ നിയമസഭയാണോ തീരുമാനമെടുക്കേണ്ടത്? പൊതുമുതല്‍ നിശിപ്പിക്കുന്നതില്‍ എന്ത് പൊതുതാത്പര്യമാണുള്ളത്? കോടതിയിലും ശക്തമായ വാദങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന്‍റെ പേരില്‍ കോടതി വസ്തുവകകള്‍ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികള്‍ക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകന്‍ സംസാരിക്കേണ്ടത്.
പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തതയില്ല. കയ്യാങ്കളിയുടെ ഡിവിഡി കയ്യിലിരിക്കെയാണ് മൊഴിയില്‍ വ്യക്തതയില്ലെന്ന് വാദം പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത് എന്നിങ്ങനെനീണ്ടു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ വിമര്‍ശങ്ങള്‍.
എം.എല്‍.എമാര്‍ക്ക് നിയമസഭക്കുള്ളില്‍ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും കേസെടുത്തത് സ്പീക്കറുടെ അനുമതി ഇല്ലാതെയാണെന്നതുമടക്കമുള്ള വാദങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. പിന്‍വലിക്കല്‍ ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ തടസ ഹര്‍ജിയും കോടതിയിലെത്തിയിരുന്നു.