തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മുല നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി പി എം നീക്കം. യുവജന സംഘടനാ രംഗത്ത് സജീവമായ ചിന്ത ജെറോമിനെ മത്സരിപ്പിക്കാനുളള നീക്കം സി പി എമ്മില്‍ നടക്കുന്നതായാണ് വിവരം. നിലവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണാണ് ചിന്താ ജെറോം. കൊല്ലത്തെ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ നിന്നാകും ചിന്ത ജനവിധി തേടുക.
ചിന്തയ്‌ക്കൊപ്പം മറ്റൊരു പുതുമുഖമായ ഫസീലയുടെ പേരും സി പി എമ്മില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജിനും പ്രതിഭയ്‌ക്കും സി പി എം വീണ്ടും സീറ്റ് നല്‍കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 വനിതകള്‍ മത്സരിച്ചതില്‍ എട്ട് പേരാണ് വിജയിച്ചത്. സി പി എമ്മിന് വേണ്ടി മത്സരിച്ച കെ കെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതില്‍ തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുളള തീരുമാനം കൈകൊളളുകയാണെങ്കില്‍ വീണയും പ്രതിഭയും ഒഴിച്ചുളളവര്‍ക്ക് സീറ്റ് സാദ്ധ്യത മങ്ങും. എന്നാല്‍ മന്ത്രിമാരായ രണ്ട് വനിതമാര്‍ക്കും സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടിക്കുളളിലെ വാദം.
സി പി ഐ കഴിഞ്ഞതവണ നാല് വനിതകളെ മത്സരിപ്പിച്ചതില്‍ മൂന്ന് പേരാണ് വിജയിച്ചത്. ഇ എസ് ബിജിമോള്‍, ഗീതാ ഗോപി, സി കെ ആശ എന്നിവരാണ് നിലവിലെ എം എല്‍ എമാര്‍. ഇതില്‍ സി കെ ആശയെ വീണ്ടും മത്സരിപ്പിച്ചേക്കും. ഇതിനു പുറമെ മഹിളാ സംഘം നേതാക്കളായ ചിഞ്ചുറാണി, പി വസന്തം, വനിതാ കമ്മിഷന്‍ അംഗങ്ങളായ എം എസ് താര എന്നിവരാണ് സാദ്ധ്യത പട്ടികയിലുളള പുതുമുഖങ്ങള്‍.
ജനതാദള്‍ എസ് ആണ് കഴിഞ്ഞ തവണ വനിതകളെ രംഗത്തിറക്കിയ മറ്റൊരു ഘടകകക്ഷി. എന്നാല്‍ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാര്‍ട്ടിക്ക് വേണ്ടി കോവളത്ത് നിന്നും മത്സരിക്കുമെന്നാണ് വിവരം.