കൊല്‍ക്കത്ത : മെയ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.
‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ 2011ലെ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമത പ്രചാരണം ആരംഭിച്ചിരുന്നത്. ഇവിടത്തെ കര്‍ഷക പ്രക്ഷോഭമാണ് ഇടതിന് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചത്.
നന്ദിഗ്രാമിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ മാ, മാതി, മാനുഷ് (മാതാവ്, ഭൂമി, ജനം) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബംഗാള്‍ കീഴടക്കിയത്.
തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ നിശ്ശബ്ദമാക്കുക എന്ന തന്ത്രം കൂടി മമതയുടെ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞയാഴ്ചകളിലായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചുവടുമാറിയിരുന്നത്.