പത്തനംതിട്ട : സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന് തുടക്കമാകുന്നു. ഇതു സംബന്ധിച്ച നടപടികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.
സമഗ്ര കരട് വോട്ടര്‍ പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും പൊതുജനങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. സമഗ്ര കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഒരു സമ്മതിദായകനും ഒഴിവാക്കപ്പെടരുത് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി, 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസു പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ, കരട് സമ്മതിദായക പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുന്നതോടുകൂടി സംസ്ഥാനത്ത് ആരംഭിക്കും. 18 വയസ് തികയുന്നവര്‍, ഭിന്ന ശേഷിക്കാര്‍, ട്രൈബല്‍ വിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വീസ് വോട്ടേഴ്‌സ്, യുവജനങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയും ഉള്‍പ്പെട്ട അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഈ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓരോ വ്യക്തിയും അവരുടെയും കുടുംബാംഗങ്ങളുടെയും പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nvsp.in, താലൂക്ക് ഇആര്‍ഒ ഓഫീസ് സന്ദര്‍ശിക്കുകയോ, Voter Helpline ഡൗണ്‍ലോഡ് ചെയ്യുകയോ, ടോള്‍ ഫ്രീ നമ്പരായ 1950ല്‍ വിളിക്കുകയോ ചെയ്യുക.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ഹരികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍(സിപിഐഎം), തഹസീല്‍ദാര്‍മാരായ പി.ജോണ്‍ വര്‍ഗീസ്, കെ.ഓമനക്കുട്ടന്‍, ബീന എസ്. ഹനീഫ്, കെ. നവീന്‍ ബാബു, കെ. ശ്രീകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ എ. നൗഷാദ്, സന്തോഷ് ജി. നാഥ്, എ. സാദത്ത്, വി.എം ഹബീബ്, എ. സക്കറിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.