ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്. അഴിമതിക്കാരനായ മന്ത്രി എന്ന മുന്‍ പ്രയോഗമാണ് സര്‍ക്കാര്‍ തിരുത്തിയത്. സര്‍ക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്. സഭയില്‍ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി.
തോക്കുമായെത്തിയാലും സഭക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികള്‍ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭകള്‍. സഭയില്‍ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എം എല്‍ എമാര്‍ തന്നെ സാമഗ്രികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
സര്‍ക്കാരിനെതിരെ രാഷ്‌ട്രീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. സഭയ്‌ക്കകത്ത് പ്രതിഷേധം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ട്. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ ഏത് വ്യവസ്ഥയിലാണ് സര്‍ക്കാരിന് കേസ് അവസാനിപ്പിക്കാന്‍ അധികാരമുളളതെന്ന് കോടതി അഭിഭാഷകനോട് തിരിച്ച് ചോദിച്ചു.