കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന പഴയ ഓ പി കെട്ടിടത്തിലെ ശുചിമുറിയുടെ മാലിന്യ പൈപ്പ് പൊട്ടി ഒഴുകുവാൻ തുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. മുൻപ് ക്യാഷ്വാലിറ്റി പ്രവർത്തിച്ചിരുന്ന പുരുഷന്മാരുടെ ശുചിമുറിയുടെ പൈപ്പ് ആണ് പൊട്ടി ഒഴുകുന്നത്. ഇവിടെ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊട്ടുതാഴെയുള്ള എട്ടിടത്തിൽ ആണ് താത്കാലികമായി ഓ പി പ്രവർത്തിക്കുന്നത്. പൈപ്പ് പൊട്ടി ഒഴുക്കുന്ന മാലിന്യത്തിന്റെ ദുർഗന്ധം മൂലം ഈ ഭാഗത്ത് രോഗികൾക്ക് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പൊട്ടി ഒഴുകുന്ന മാലിന്യ പൈപ്പിന് സമീപത്ത് കൂടി വേണം നിലവിലെ ഓ പി യിലേക്ക് പ്രവേശിക്കാൻ.
ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ മലിനജലം മൂലം പുതിയ രോഗങ്ങളുമായി പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് രോഗികൾ പറയുന്നത്. ഭിത്തിയിലൂടെ കടന്നുപോകുന്ന പൈപ്പിൽ ആണ് പൊട്ടൽ ഉള്ളത്. മലിന ജലം ഭിത്തിയുടെ ഒഴുകുന്നതും കാണാം. ജീവനക്കാർ ദുർഗന്ധം സഹിക്കവയ്യാതെ ബ്ലീച്ചിങ് പൗഡർ വിതറിയാണ് മുന്നോട്ട് പോകുന്നത്. വിഷയം പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. കോന്നിയിലെ മലയോര മേഖലയിലെ നിരവധി രോഗികൾ ആണ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ ഏതേടി എത്തുന്നത്. ദിവസേന ഇത്രയധികം രോഗികൾ വരുന്ന ആശുപത്രിയോടാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ.