മധ്യപ്രദേശ് : ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഫാറൂഖി തെറ്റ് ചെയ്തിട്ടില്ലെന്നതിന് തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ താൻ പരാമർശിച്ചിട്ടില്ലെന്ന വാദം കോടതി തള്ളി. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും കോടതി പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. നേരത്തേ രണ്ട് തവണ കീഴ്ക്കോടതികൾ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. അതേസമയം ഫാറൂഖി മതവികാരം വ്രണപ്പെടുത്തി എന്ന പരാതി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇല്ലെന്ന് ഇൻഡോർ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഫാറൂഖി നിരന്തരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് കേട്ടിരുന്നു. അതുകൊണ്ടാണ് ടിക്കറ്റെടുത്ത് കയറിയതെന്നും പരിപാടിയിൽ ഫാറൂഖി ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചു എന്നുമാണ് അറസ്റ്റിനു പിന്നാലെ ഏകലവ്യ ഗൗർ പ്രതികരിച്ചത്.