റാന്നി : മേനാംതോട്ടം, ഉന്നത്താനി, അരുവിക്കല്‍ പ്രദേശങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ ബസില്ല. എവിടെങ്കിലും യാത്ര പോയി തിരികെ വരാന്‍ വൈകിയാല്‍ ഓട്ടോറിക്ഷയാണ് പ്രദേശവാസികളുടെ ഏക ആശ്രയം. പണമില്ലെങ്കില്‍ കാല്‍നടയും. മല്ലപ്പള്ളിക്കും വൃന്ദാവനം വഴി തിരുവല്ലക്കും പോകുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ സന്ധ്യകഴിഞ്ഞാല്‍ പിന്നെ ഈറൂട്ടില്‍ വരില്ല. റാന്നിയിൽ നിന്നും മേനാതോട്ടം അരുവിക്കൽ വഴി വൃന്ദാവനത്തിനുള്ള അവസാനത്തെ ബസ് വൈകിട്ട് 5.50 നാണ്. ഇതു കഴിഞ്ഞാൽ പിന്നെ ജനങ്ങൾ നടക്കുകയാ ഓട്ടോ വിളിക്കുകയോ ആണ് ചെയ്യുന്നത്.
കോവിഡിന് മുമ്പ് വരെ മല്ലപ്പള്ളി ഡിപ്പോയുടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് 6.40 നു റാന്നിയിൽ നിന്നും ഇതുവഴി സർവീസ് നടത്തിയിരുന്നു. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ തിരുവല്ല ഡിപ്പോയുടെ ഒരു ബസ് വൈകിട്ട് 7.50 ന് ഈ റൂട്ടിൽ തിരുവല്ലക്കും സർവീസ് നടത്തിയിരുന്നു. ഇതെല്ലാം നിലച്ചതാണ് ആളുകള്‍ക്ക് വിനയായത്. തിരുവല്ല ബസ് വൈകിട്ട് 7.50ന് മേനാംതോട്ടം എത്തി നേരെ പൂവന്‍മല വഴി തിരുവല്ലയ്ക്കു പോവുകയാണ്. ഈ ബസ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. മുടങ്ങിക്കിടക്കുന്ന പഴയ സർവീസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചാല്‍ നാട്ടുകാരുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.