കറ്റാനം : ഒന്നാംക്ലാസിൽ പുതുതായി കുട്ടികളെത്താത്തതിനാൽ വെട്ടിക്കോട് ഗവ. എൽപി സ്കൂളിൽ പ്രവേശനോത്സവം നടന്നില്ല. ഒന്നാംക്ലാസിൽ കുട്ടികളില്ലെങ്കിലും പ്രവേശനോത്സവ ബാനറും തോരണങ്ങളും കെട്ടി സ്കൂൾ അലങ്കരിച്ചിരുന്നു. രണ്ടുമുതൽ നാലുവരെ ക്ലാസുകളിലായി മൂന്നു കുട്ടികളാണ് ഇവിടെയുള്ളത്. മൂന്നു ക്ലാസുകളിലും ഓരോ കുട്ടി. കഴിഞ്ഞ അധ്യയനവർഷം തുടക്കത്തിൽ ആകെ എട്ടു പേരുണ്ടായിരുന്നു. മൂന്നു കുട്ടികൾ ടിസി വാങ്ങിപ്പോയി. ശേഷിച്ച അഞ്ചുപേരിൽ നാലാം ക്ലാസിലുണ്ടായിരുന്ന രണ്ടുപേർ അഞ്ചാം ക്ലാസിലേക്കു പ്രവേശനം നേടിപ്പോയി.
പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരാണ് ഉണ്ടായിരുന്നത്. പ്രഥമാധ്യാപിക ഒഴികെ മൂന്നുപേരും പ്രവേശനോത്സവദിവസം സ്ഥലംമാറ്റം കിട്ടിപ്പോയി. പകരം ഒരു അധ്യാപിക പുതുതായി എത്തി. നിലവിൽ മൂന്നു വിദ്യാർഥികളും പ്രഥമാധ്യാപിക ഉൾപ്പെടെ രണ്ട് അധ്യാപകരുമാണുള്ളത്. 2012 മുതൽ തുടർച്ചയായി അഞ്ചുവർഷവും 2020-ലും ഇവിടെ എല്ലാ ക്ലാസുകളിലും കുട്ടികൾ ഇല്ലായിരുന്നു.