ആലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ പലഭാഗത്തും ഒരു മാസത്തോളം തുടർച്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രസിഡന്റ് പി.ജി. സൈറസിന്റെ നേതൃത്വത്തിൽ വഴിച്ചേരിയിലെ ജല അതോറിറ്റി ഓഫീസിനു മുന്നിൽ പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പുസമരം നടത്തി. ഷക്കീല നിസാർ, സുലഭ ഷാജി, ഗീത ബാബു, ശശികുമാർ, സുധർമ ഭുവനചന്ദ്രൻ, ജീൻ മേരി, ജെ. സിന്ധു എന്നിവരാണ് സമരം നടത്തിയത്. മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 15, 14 തുടങ്ങിയ വാർഡുകളിൽ പൂർണമായി വെള്ളമെത്തുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ദേശീയപാതയുടെ നിർമാണം നടക്കുന്നിടത്തൊക്കെ പൈപ്പു പൊട്ടുകയാണ്. കുടിവെള്ളപ്രശ്നത്തിനു പരിഹാരമായി ഓവർ ഹെഡ് ടാങ്ക് പണിയാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തിനൽകിയിട്ടും ജല ജീവൻ മിഷനു ഫണ്ടില്ലാത്തതിനാൽ നിർമാണം എങ്ങുമെത്തിയില്ല. കുടിവെള്ളപ്രശ്നം പരിഹരിക്കുംവരെ സമരം തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു.
ദേശീയപാതയിൽ പുതുതായി കുടിവെള്ള പൈപ്പിട്ടപ്പോഴും ജല അതോറിറ്റി വേണ്ട മേൽനോട്ടം നൽകിയിട്ടില്ലെന്നും കുഴലുകൾ നിരപ്പായ പ്രതലത്തിലല്ല സ്ഥാപിച്ചതെന്നും സമരക്കാർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജല അതോറിറ്റി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, ഡെപ്യൂട്ടി കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനക്കാരുടെ കുറവാണു പ്രശ്നമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. റോഡുപണിക്കിടെ പൈപ്പ് പൊട്ടുന്നതൊന്നും ദേശീയപാത അതോറിറ്റി അറിയിക്കുന്നില്ല. അറിയുന്നമുറയ്ക്ക് പ്രശ്നം പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.