കൊണ്ടോട്ടി: കുടിവെള്ളമില്ലാത്തതിനാൽ മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കുണ്ട് നിവാസികൾ കൂട്ടത്തോടെ വോട്ട് ബഹിഷ്‌ക്കരിച്ചു. 300 പേരാണ് വോട്ട് ബഹിഷ്‌ക്കരിച്ചത്. വേനൽ കടുത്തതോടെ വലിയ കുടിവെള്ള ക്ഷാമമാണ് ഇവർ അനുഭവിക്കുന്നത്.കേരളം ഒന്നിച്ച് പോളിങ് ബൂത്തിലേക്ക് ഒഴുകിയപ്പോൾ കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ് മൂച്ചിക്കുണ്ട് കോളനി നിവാസികൾ കുടിവെള്ളത്തിനായി സമരത്തിലായിരുന്നു. 300 പേർ അടങ്ങുന്ന ഒരു കോളനി മുഴുവൻ വോട്ട് ബഹിഷ്‌ക്കരിച്ചു. ചോലമുക്ക് എ.എം.എൽ.പി സ്‌കൂളിലെ 164-ാം ബൂത്തിലും, ജി.ഡബ്ലിയു.യു.പി സ്‌കൂളിലെ 167-ാം ബൂത്തിലുമാണ് ഇവർക്ക് വോട്ട് ഉണ്ടായിരുന്നത്. കുടിക്കാൻ പോലും വെള്ളമില്ലത്തതിനാലാണ് വോട്ട് ബഹിഷ്‌ക്കരിച്ചതെന്ന് നാട്ടുകാർ പറയുന്നു.
കുന്നിൻമുകളിലുള്ള പ്രദേശമായതിനാൽ കിണർ കുത്തിയാലും വെള്ളം ലഭിക്കില്ല. ഒരു കിലോമീറ്റർ അപ്പുറമുള്ള കിണറിൽ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് കുടിക്കാൻ വെള്ളമെത്തിക്കുന്നത്. പ്രദേശത്തെ ക്വാറിയിലെ വെള്ളം കുളിക്കാനും ഉപയോഗിക്കുന്നു. മൂച്ചിക്കുണ്ട് കോളനിയിൽ വെള്ളം എത്തിക്കാൻ നിരവധി പദ്ധതികൾ തുടങ്ങിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. പല വീട്ടുകാരും കുലിപ്പണി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കുടിവെള്ളം വാങ്ങാനായി നൽകണം. മൂച്ചിക്കുണ്ട് കോളനിയിൽ കുടിവെള്ളം എത്തിയ ശേഷം മാത്രമേ ഇനി വോട്ടു ചെയ്യു എന്നാണ് ഇവർ പറയുന്നത്.