കോട്ടയം: മഴക്കാലം ആരംഭിച്ചിട്ടും മൃഗാശുപത്രികളില്‍ അവശ്യമരുന്നുകളില്ല. മരുന്നുതേടി മൃഗാശുപത്രികളിലെത്തുന്ന ക്ഷീരകർഷകർ നിരാശയോടെ മടങ്ങുന്നു. ജില്ലയിലെ 80 ആശുപത്രികളില്‍ ഭൂരിഭാഗത്തിലും മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. ഇതോടെ ഉയര്‍ന്ന വില കൊടുത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍. തുടര്‍ച്ചയായി മഴ പെയ്തതോടെ മൃഗങ്ങള്‍ക്ക് രോഗങ്ങളും വ്യാപകമായി. എന്നിട്ടും മരുന്നുകൾ ലഭ്യമാക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. മരുന്നുക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ക്ഷീരകര്‍ഷകരെയാണ്. ആവശ്യമായ മരുന്നുകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാനാണ് ഡോക്ടര്‍മാരും നിദേശിക്കുന്നത്.
വയറിളക്കം, തീറ്റ എടുക്കാതിരിക്കല്‍, ദഹനപ്രശ്നം, അകിടുവീക്കം, കാത്സ്യക്കുറവ് തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് മൃഗങ്ങളെ ഏറെ ബാധിക്കുന്നത്. വിരഗുളിക, ദഹനത്തിനാവശ്യമായ മരുന്നുകള്‍, കാത്സ്യം പൗഡര്‍, അകിട് വീക്കത്തിനുള്ള മരുന്ന് എന്നിവക്ക് ക്ഷാമം അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധയുള്ള പശുക്കള്‍ കൂടുതലായി എത്തിയതോടെ സൈലേറിയ രോഗവും വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.