കൊച്ചി : ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന മുടങ്ങുന്നു. കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നല്‍കാനാകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് കൊച്ചി കാക്കനാട്ടെ വാഹനപരിശോധന സംഘം പെരുവഴിയിലായത്.
എറണാകുളം ആര്‍.ടി.ഒ.യുടെ പരിധിയില്‍ എട്ട് വാഹന പരിശോധനാ സംഘങ്ങള്‍ക്കായി ഏഴ് വാഹനങ്ങളുണ്ട്. എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉള്‍പ്പെടെയാണിത്. കാക്കനാട്ടെ ഓലിമുകളിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നാണ് ഈ വാഹനങ്ങള്‍ക്ക് ഡീസല്‍ അടിച്ചിരുന്നത്. എന്നാല്‍ ലക്ഷങ്ങളാണ് ഡീസല്‍ അടിച്ച ഇനത്തില്‍ നല്‍കാനുള്ളത്. ട്രഷറിയില്‍നിന്ന് പണം നല്‍കാത്തതാണ് പ്രശ്‌നം. പണം കിട്ടാതെ ഇനി ഡീസല്‍ നല്‍കാന്‍ കഴിയില്ലെന്ന് പമ്പ് നടത്തിപ്പുകാര്‍ വ്യക്തമാക്കി.
ഡീസല്‍ ലഭിക്കാതായതോടെ ഈ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാതായി. വാഹനമില്ലാത്തതിനാല്‍ വാഹനപരിശോധനയും നിലച്ചു. ഇതോടെ ഗതാഗത നിയമലംഘനങ്ങളുടെ ഫലമായി ദിവസവും പിഴ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമാകുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന് വരുമാനം നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളാണ് ഡീസല്‍ അടിക്കാന്‍ പണമില്ലാതെ കട്ടപ്പുറത്തായതെന്നതാണ് കൗതുകകരം.