വാഷിങ്ടണ്‍ : രോഗബാധ സ്ഥിരീകരിച്ചവരോട് അടുത്തിടപഴകുകയും എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവരുമായ ആളുകള്‍ രോഗ പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗം. മുമ്പ് ഇത്തരം ആളുകള്‍ രോഗ പരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന അധികൃതര്‍ എന്തിനാണ് നിലപാട് മാറ്റിയതെന്നതിന് വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വന്നത്. വൈറ്റ് ഹൗസിന്റെ ഇടപെടല്‍ മൂലമാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് ടെസ്റ്റിന്റെ എണ്ണം കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലപ്പോഴായി വ്യക്തമാക്കിയിരുന്നു. പരിശോധന വര്‍ധിച്ചിരിക്കുന്നതാണ് അമേരിക്കയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന ധ്വനി ഉയര്‍ത്താന്‍ കാരണമെന്ന് ട്രംപ് ആരോപിച്ചിരുന്നു.
ലോകത്ത് മറ്റേത് രാജ്യങ്ങളേക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്നതെന്ന് ട്രംപ് പറയുന്നു. ഈ പ്രസ്താവനകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ സെന്ററിന്റെ നടപടി. കോവിഡ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകുന്നവര്‍ പരിശോധന നടത്തിയിരിക്കണമെന്നാണ് മുമ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. പുതിയ മാര്‍ഗനിര്‍ദ്ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.