അബുദാബി : ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുകയാണ് . ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും.
എമിറേറ്റ്സ് എയർലൈനിൽ വൺവേയ്ക്കു 6664 ദിർഹം (1,32,304 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ബജറ്റ് എയർലൈനായ ഫ്ളൈ ദുബായിക്കും പതിവിനെക്കാൾ കൂടിയ നിരക്ക് 1645 ദിർഹം (33,892) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പൈസ് ജെറ്റിന് കൊച്ചിയിൽനിന്ന് ദുബായിലേക്ക് 2,817 ദിർഹമും (57,154 രൂപ) ഗൊ എയറിന് 1,487ഉം (30,169 രൂപ) എയർ ഇന്ത്യാ എക്സ് പ്രസിന് 1,044 ദിർഹമുമാണ് (21,181 രൂപ) നിരക്ക്.
ദുബായിലേക്കു അടുത്ത വാരം മുതൽ സർവീസ് തുടങ്ങിയേക്കുമെന്ന അഭ്യൂഹമാണ് ടിക്കറ്റ് വിൽപ്പന തകൃതിയാകാൻ കാരണമെന്നാണ് സൂചന. ഇതേസമയം ഡിമാൻഡ് വർധിച്ചതോടെ ചില എയർലൈനുകൾ ഓൺലൈനിൽ ടിക്കറ്റ് മരവിപ്പിച്ച് വില കൂട്ടുന്നതായും സൂചനയുണ്ട്. നിയമം കൂടുതൽ കർശനമായ അബുദാബിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിന് അത്ര തിരക്കില്ല.