തൃശ്ശൂർ : ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും അത് കനത്ത വെല്ലുവിളി നേരിടുന്ന സന്ദർഭമാണിതെന്നും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഭരണഘടനയിൽ കൈവയ്ക്കാൻ അനുവദിക്കരുത്. ഭരണഘടന മുറുകെപ്പിടിച്ച് ശബ്ദമുയർത്താനുള്ള സന്ദർഭമാണിത്. ഇനിയും പ്രതികരിക്കാൻ വൈകിക്കൂടാ, തൃശ്ശൂരിൽനിന്ന് ഉയരുന്ന ഈ ശബ്ദം കേരളത്തിലും രാജ്യത്തെല്ലായിടത്തും പടരട്ടെ -അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിരൂപത നടത്തിയ സമുദായ ജാഗ്രതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെയും ക്രൈസ്‌തവ സ്ഥാപനങ്ങൾക്കും പ്രേഷിത പ്രവർത്തനങ്ങൾക്കും നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളെയും സമ്മേളനം അപലപിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിൽ വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ടെന്നും പ്രേമേയത്തിൽ പറയുന്നു.