ദില്ലി: 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചതുമുതല്‍ 500 രൂപ നോട്ടുകളും പിന്‍വലിക്കുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോഴിതാ രാജ്യത്ത് 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 500 രൂപ പിന്‍വലിച്ച് പകരം 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപയുടെ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനോ ആര്‍ബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു – രണ്ടാം ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം പത്രസമ്മേളനത്തില്‍ ദാസ് പറഞ്ഞു. നേരത്തെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2023-24 വര്‍ഷത്തില്‍ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.