കൊച്ചി: സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല.
ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കിയിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.