മനാമ: ബഹ്റനിലെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളൊഴികെ ബാക്കിയെല്ലാ കടകളും മാര്‍ച്ച് 26 മുതല്‍ അടച്ചിടും. സൂപ്പര്‍മാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി, ബാങ്ക് എന്നിവയൊഴിച്ചുളള എല്ലാ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളും ഈ മാസം 26 മുതല്‍ ഏപ്രില്‍ ഒമ്പത് വരെ അടച്ചിടുമെന്ന് വകുപ്പ് മന്ത്രി സായിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി പബ്ലിക് സെക്യൂരിറ്റി തലവന്‍ താരിഖ് അല്‍ ഹസനും അറിയിച്ചു. ബീച്ച്, പാര്‍ക്ക് തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ബഹ്‌റൈന്‍ ഇന്‍റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്‍റര്‍ കോറോണ വൈറസ് ബാധ പരിശോധനക്കും ചികിത്സക്കുമുളള കേന്ദ്രമാക്കി മാറ്റുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐസോലേഷന്‍ സെന്‍ററും ഇവിടെ സജ്ജീകരിക്കും.
എക്‌സിബിഷന്‍ സെന്‍ററിലെ നാല് ഹാളുകളിലായി 1600 ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ അനുവദിക്കണെമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു ബഹ്‌റൈനി വനിത കൂടി ഇന്ന് മരിച്ചു. 183 പേര്‍ക്ക് നിലവില്‍ വൈറസ് ബാധയുണ്ട്.