തിരുവനന്തപുരം : ശബരിനാഥിന്‍റെ അറസ്റ്റില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. കെ എസ് ശബരിനാഥിനെ കൊലപാതകശ്രമം, ഗൂഡലോചന കുറ്റങ്ങള്‍ ചുമത്തി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ചക്കെടുക്കുന്നത് ചട്ടവിരുദ്ധമെന്ന് നിയമ മന്ത്രി പി.രാജീവ്.
ഗൗരവം ഉള്ള കേസാണിത്.സഭയിലെ ചർച്ച കേസിനെ ബാധിക്കുമെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. എന്നാല്‍ സോളാർ കേസ് 7 പ്രാവശ്യം സഭയില്‍ ചർച്ച ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാർ കോഴ കേസ് 4 പ്രാവശ്യം ചര്‍ച്ച ചെയ്തു. സൗകര്യത്തിന് വേണ്ടി റൂള് ഉദ്ധരിക്കുന്നത് ശരിയല്ല. കേസിനെ ബാധിക്കുന്നത് അല്ല പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഭീരുവാണെന്നും ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നുമാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.