ഹൈദരാബാദ്: പ്രണയദിനമായ വാലന്റൈന്‍സ് ദിനത്തില്‍ പാര്‍ക്കിലും പബ്ബിലും ചുറ്റിക്കറങ്ങുന്ന യുവതിയുവാക്കളെ തടയുമെന്ന് മുന്നറിയിപ്പ് നല്‍കി ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍. ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായ യാതൊന്നും അനുവദിക്കില്ലെന്നും തെലങ്കാന ബജ്‌റംഗ്ദള്‍ മുന്നറിയിപ്പ് നല്‍കി. അസഭ്യമായ ഒന്നും സഹിക്കില്ല. വാലന്റൈന്‍സ് ദിനത്തില്‍ സ്വന്തം സംസ്‌കാരത്തിന് അനുസരിച്ച് യുവാക്കള്‍ പെരുമാറണം.
വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം പറഞ്ഞുമനസ്സിലാക്കണം. അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് അപമാനമാണ്. ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ ചെയ്യുന്നതെന്നും സുഭാഷ് ചന്ദെര്‍ കുറ്റപ്പെടുത്തി.
ബിസിനസ് ദാഹത്തില്‍ ഇന്ത്യന്‍ സംസ്‌കാരം നശിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പുല്‍വാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14 ഓര്‍മിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ല. സ്‌നേഹത്തിന് സംഘടന എതിരല്ലെന്നും എന്നാല്‍ വാലന്റൈന്‍സ് ദിനത്തിനും സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.