പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായ നോമ്പിഴി ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂളില്‍ കായിക പരിശീലന സൗകര്യങ്ങള്‍ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് ഓട്ട പരിശീലനത്തിനുള്ള ട്രാക്ക്, ലോങ് ജമ്പ് പിറ്റ്, ബാറ്റ്മിന്റണ്‍ കോര്‍ട്ട് എന്നിവയാണ് തൊഴിലുറപ്പ് പരിപാടിയിലെ ആസ്തി വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്. കൂടാതെ മഞ്ചാടി ഹരിത ഉദ്യാനത്തിലെ 31 മരങ്ങള്‍ ഭിത്തികെട്ടി സംരക്ഷിക്കാനും സ്‌കൂള്‍ വളപ്പ് വൃത്തിയാക്കി സുരക്ഷിതമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൊത്തം 3,15,771 രൂപാ ചെലവുവരുന്നതാണ് പദ്ധതി.
291 തൊഴില്‍ ദിനം സൃഷ്ടിക്കപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ തോമസ് ടി.വറുഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ്.പിള്ള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശാന്തമ്മ, അധ്യാപികമാരായ രാജശ്രീ, നീതു, പി റ്റി എ പ്രസിഡന്റ് ജി. അനില്‍കുമാര്‍, തൊഴിലുറപ്പ് പദ്ധതിയുടെ കോ- ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനൂപ്, എസ്എസ്ജി കണ്‍വീനര്‍ ഡോ. കെ.പി.കൃഷ്ണന്‍ കുട്ടി, കോട്ടയം ഗവണ്‍മെന്റ് കോളജിലെ റിട്ട. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രൊഫസര്‍. കെ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.