കൊച്ചി: ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രത്യേക സിറ്റിങ്ങില്‍ ഹർജികള്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനാവേളയില്‍ വരാണാധികാരികള്‍ തള്ളിയത്. ഗുരുവായൂരില്‍ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് കാരണം. ഡമ്മി ഇല്ലാത്തതിനാല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എക്ക് ഇതോടെ സ്ഥാനാര്‍ഥി ഇല്ലാതായി.
തലശ്ശേരിയില്‍ ബി.ജെ.പി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ഇതോടെ മണ്ഡലത്തിലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയില്ലാതായി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നല്കുന്ന ഫോറം ‘എ’ യില്‍ നഡ്ഡയുടെ ഒപ്പിന്റെ സ്ഥാനത്ത് സീല്‍ പതിച്ചതാണ് പത്രിക തള്ളാന്‍ കാരണം. ഹരിദാസ് പത്രിക സമര്‍പ്പിച്ചപ്പോള്‍ ഒപ്പില്ലെന്നു വരണാധികാരി അറിയിച്ചിരുന്നു. ഉടന്‍ ഫാക്സ് വഴി പ്രസിഡന്റ് ഒപ്പിട്ട ഫോറം ‘എ’ ഹാജരാക്കിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോറം ‘എ’ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും തള്ളിയിരുന്നു.
2016ലും നിവേദിതയായിരുന്നു ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. അന്ന് 25,490 വോട്ട് കിട്ടി. അതിവേഗത്തില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ച മണ്ഡലമാണ് ഗുരുവായൂര്‍. ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കുമെന്ന് ബി.ജെ.പി വിലയിരുത്തിയ മണ്ഡലം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി.
കേന്ദ്രമന്ത്രി അമിത് ഷാ മാര്‍ച്ച് 25ന് തലശ്ശേരിയില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായ സംഭവം. അതേസമയം, പത്രിക തള്ളലില്‍ പാര്‍ട്ടികള്‍ തമ്മിലെ ഒത്തുകളി ആരോപണവും ഉയര്‍ന്നിരുന്നു. സി.പി.എം-ബി.ജെ.പി ബാന്ധവമാണോ അതോ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടാണോ പത്രിക തള്ളലിന് പിന്നിലെന്ന വിവാദമാണ് ഉയരുന്നത്.