കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയിലെ ചെളി നീക്കം ചെയ്യാത്തത് ശുദ്ധജല വിതരണത്തെ സാരമായി ബാധിക്കുന്നു. തേക്കുതോട് മൂഴിയിലാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. കല്ലാറിൽ ചെക്ക് ഡാം നിർമ്മിച്ചാണ് ഇവിടെ ടാങ്കിൽ വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ കല്ലാറിൽ വെള്ളം താഴ്ന്നപ്പോൾ പമ്പ് ഹൗസിനു താഴെ ചെളി നിറഞ്ഞത് മൂലം വെള്ളം പമ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. വെള്ളം പമ്പ് ചെയ്‌താൽ തന്നെ ടാങ്ക് വേഗത്തിൽ നിറയുന്നതുമില്ല. വിഷയം വാട്ടർ അതോറിറ്റി കോന്നി ഓഫിസിൽ അറിയിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. ചെളി നീക്കം ചെയ്യുവാൻ ഇതിനിടെ ജെ സി ബി എത്തിച്ചെങ്കിലും നീക്കം ചെയ്തില്ല എന്നും ആക്ഷേപമുണ്ട്.
കുടിവെള്ള ക്ഷാമം മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ വാട്ടർ അതോറിറ്റി അധികൃതരുടെ ഈ അനാസ്ഥ മൂലം ജനങ്ങളും പ്രതിഷേധത്തിലാണ്. രണ്ട് തവണയാണ് ഈ പമ്പ് ഹൗസിലെ ചെളി നീക്കം ചെയ്തത് എന്നും ആക്ഷേപമുണ്ട്. 2011 ലാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. പുതിയ പമ്പ് സീറ്റുകൾ എത്തിച്ചെങ്കിലും ഇടക്കിടെ പമ്പ് സെറ്റ് തകരാറിൽ ആകുന്നതും ജല വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗാർഹിക കണക്ഷനുകൾ വർഷം തോറും വർധിപ്പിക്കുന്നത് അല്ലാതെ വ്യാസം കുറഞ്ഞ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും നടപടിയില്ല. ഇതിനാൽ തന്നെ വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പുകൾ അടിക്കടി പൊട്ടുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.