പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ 47 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കോന്നി മെഡിക്കല്‍ കോളേജില്‍ പോയി ജോലി ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. കോന്നി മെഡിക്കല്‍ കോളേജിന് 2012-13 ല്‍ ശ്രമം ആരംഭിക്കുകയും 2015 ല്‍ കോളേജ് തുടങ്ങുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അന്നത്തെ നിയമം വച്ച് ഓരോ ജില്ലയിലും ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സജ്ജമാക്കാമായിരുന്നു.
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള അനുമതിയാണ് നല്‍കിയത്. അതനുസരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ടും അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ കോളേജ് കോന്നിയിലാണ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. അതിന്റെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി 2015 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ കോന്നിയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും ആ ഘട്ടത്തില്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിന് അന്ന് അനുമതി ലഭ്യമായില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മെഡിക്കല്‍ കോളേജിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി. ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒപി, ഐപി കോവിഡ് ചികിത്സ ഉള്‍പ്പെടെ ഇപ്പോള്‍ നടന്നു വരികയാണ്. അക്കാഡമി ബ്ലോക്കിന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. അടുത്ത അക്കാഡമിക് വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍.എം.സി) നിയമ പ്രകാരം അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായി 2015 ലെ ഉത്തരവ് അതേപടി നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്തത്. അതിനാലാണ് അവിടത്തെ ജീവനക്കാരെ കൂടി ഡീംഡ് ഡെപ്യൂട്ടേഷന്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2022-23 ലേക്ക് അഡ്മിഷന്‍ നടത്തുന്നതിന് ആരോഗ്യ സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി സൗകര്യങ്ങളൊരുക്കി. ഇതിനെ തുടര്‍ന്ന് സര്‍വകലാശാല അംഗീകാരം നല്‍കുകയും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോന്നി മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ചിട്ടുള്ള 394 തസ്തികകളിലും നിയമനം നടത്തുന്നതിനും കൂടാതെ കോവിഡ് ചികിത്സയ്ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്‍.എച്ച്.എം വഴിയും ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ടനിര്‍മ്മാണത്തിനായി കിഫ്ബി മുഖാന്തരം 218 കോടി രൂപ അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും സംബന്ധിച്ച പലതലങ്ങളിലായി നിരവധി അവലോകനങ്ങള്‍ നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ മന്ത്രിയെന്ന നിലയില്‍ നിരവധി തവണ നേരിട്ട് കോന്നി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു. പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും 100 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ അഡ്മിഷന്‍ ലഭ്യമാക്കാനുമാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. ഇത് ലഭ്യമാകാതിരിക്കാനുള്ള ദുഷ്പ്രചരണമായേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ തിരിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.